
ബിഹാറിൽ സംസ്ഥാന വ്യാപക ജാഗ്രതാനിർദേശം പുറപ്പെടുവിച്ച് പൊലീസ്. പാകിസ്ഥാനിൽനിന്നുള്ള ഭീകരവാദികൾ നേപ്പാൾവഴി നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരർ ബീഹാറിലെത്തി എന്നാണ് രഹസ്യവിവരം.
റാവൽപിണ്ടി സ്വദേശിയായ ഹസ്നെയ്ൻ അലി, ഉമർകോട് സ്വദേശി ആദിൽ ഹുസൈൻ, ബഹാവൽപുർ സ്വദേശി മൊഹമ്മദ് ഉസ്മാൻ എന്നിവരാണ് സംസ്ഥാനത്തെത്തിയതെന്ന് ബിഹാർ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ പേരും ചിത്രങ്ങളും പാസ്പോർട്ട് വിവരങ്ങളും സംസ്ഥാനത്തിന്റെ അതിർത്തി ജില്ലകളിൽ ലഭ്യമാക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് മാസം രണ്ടാമത്തെ ആഴ്ചയാണ് മൂവർസംഘം നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെത്തിയത്. മൂന്നാമത്തെ ആഴ്ച ഇവർ ബിഹാറിലേക്ക് കടന്നുവെന്നാണ് വിവരം. സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കേ ഭീകരാക്രമണസാധ്യതയുൾപ്പെടെ മുൻനിർത്തി സുരക്ഷാ ഏജൻസികൾ കനത്തജാഗ്രതയിലാണ്.











